ദില്ലി: രാഹുൽ ഗാന്ധി പങ്കെടുത്തത് സുഹൃത്തിന്റെ വിവാഹത്തിനെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തെന്ന ബിജെപി ആരോപണത്തിന് മറുപടിയായാണ് കോൺഗ്രസ് രംഗത്തെത്തിയത്. നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. മോദിയെ പോലെ ക്ഷണിക്കാതെ പോയതല്ല. വിവാഹത്തിന് പോയത് വലിയ കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദിപ് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘പ്രധാനമന്ത്രി മോദിയെപ്പോലെ നവാസ് ഷെരീഫിനൊപ്പം ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാൻ രാഹുൽ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ല. രാഹുൽ ഗാന്ധി ഒരു മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് രാജ്യമായ നേപ്പാളിലേക്ക് പോയി. അതിലെന്താണ് പ്രശ്നം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നത് നമ്മുടെ സംസ്കാരമാണ്. പ്രധാനമന്ത്രിയും ബിജെപിയും ചേർന്ന് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവാഹത്തിൽ പങ്കെടുക്കുന്നത് കുറ്റകൃത്യമായി തീരുമാനിച്ചേക്കാം’- സുർജോവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ ബിജെപി വിവാദമാക്കിയിരുന്നു. പാർട്ടിയില്‍ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ ബിജെപിയാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോൾ രാഹുല്‍ ഗാന്ധി നിശാ ക്ലബില്‍ പാര്‍ട്ടിയിലാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോഴും രാഹുല്‍ ഗാന്ധി നിശാപ്പാര്‍ട്ടിയിലായിരുന്നുവെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. എന്നാൽ മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളില്‍ എത്തിയതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.