ജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ഈദിന് തലേ രാത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജലോറി ഗേറ്റ് മേഖലയിൽ പതാക ഉയർത്തുന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് അറിയിച്ചു. തെറ്റായ പ്രചാരണങ്ങൾ നടത്താതിരിക്കാൻ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. പൊലീസ് സംരക്ഷണയിലാണ് ഈദിന്റെ നമസ്കാരം നടന്നതും.
മൂന്നു ദിവസത്തെ പരശുറാം ജയന്തി ഉത്സവം ജോധ്പുരിൽ നടന്നുവരികയാണ്. ഇരുവിഭാഗങ്ങളും ഉയർത്തിയ പതാകയെച്ചൊല്ലി ഉണ്ടായ വാഗ്വാദങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടം പൊലീസിന്റെ ഔട്ട്പോസ്റ്റ് ആക്രമിക്കുകയും ചെയ്തു. കല്ലേറിൽ നാലു പൊലീസുകാർക്കു പരുക്കേറ്റു. സ്ഥിതിഗതികൾ ശാന്തമാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് ജോധ്പുർ സ്വദേശി കൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യർഥിച്ചു.