കോഴിക്കോട്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട്ട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകൾക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. ഒരു സ്ഥാപനം അടച്ചുപൂട്ടി. രണ്ടു സ്ഥാപനങ്ങളിൽ നിന്നും 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. സംസ്ഥാനത്ത് ഷവർമ കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥി മരിച്ച പശ്ചാത്തലത്തിലാണ് ഷവർമ്മ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഐസ് ക്രീം, മറ്റു ശീതളപാനീയങ്ങൾ എന്നിവ നിർമിക്കുകയും ശേഖരിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കച്ചവടസ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയത്.
എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ് ഹിൽ, വെസ്റ്റ് ഹിൽ, പുതിയങ്ങാടി , കോർപ്പറേഷൻ പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ , മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ക്ലോക്ക് ടവർ റസ്റ്റോറന്റ് – കാരപ്പറമ്പ്, ഹോട്ട് ബൺസ് – കാരപ്പറമ്പ്, കാലിക്കറ്റ് ബേക്കേഴ്സ് ഏന്റ് കേക്ക്സ് ഈസ്റ്റ് ഹിൽ, മമ്മാസ് ഏന്റ് പപ്പാസ് – ബീച്ച്, ട്രീറ്റ് ഹോട്ട് ഏന്റ് കൂൾ അരീക്കാട് എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഇതിൽ വളരെ മോശമായ നിലയിൽ പ്രവർത്തിച്ചിരുന്ന പപ്പാസ് എന്റ് മമ്മാസ് ആണ് താൽക്കാലികമായി അടച്ചുപൂട്ടിയത്. പരിശോധന നടത്തിയ ഹോട്ട് ബൺസ് – കാരപ്പറമ്പ്, പപ്പാസ് എന്റ്റ് മമ്മാസ് – ബീച്ച് എന്നിവിടങ്ങളിൽ നിന്നാണ് 35 കിലോഗ്രാം പഴകിയതും മനുഷ്യോപയോഗ യോഗ്യമല്ലാത്തതും എക്സ്പെയറി ഡേറ്റ് കഴിഞ്ഞതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചത്.