കൽപ്പറ്റ : കേന്ദ്ര സർക്കാരിന്റെ അഭിലാഷയുക്ത ജില്ല പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ദിവസത്തെ വയനാട് സന്ദർശനത്തിനായി എത്തിയതായിരുന്നു അവർ. രാവിലെ കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും കൃഷി, നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലും പൗരന്മാർക്ക് പിന്തുണയും സബ്‌സിഡിയും തൃപ്തികരമായി ലഭിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു. പൗരന്മാർക്കു ഭരണഘടനാപരമായ അവകാശങ്ങൾ ലഭ്യമാക്കാനുള്ള മത്സരാധിഷ്ഠിത സംവിധാനങ്ങളില്ല. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഉത്തർപ്രദേശിലെ ഫത്തേപുരിലും വയനാട്ടിലുമായി രണ്ട് അഭിലാഷയുക്ത ജില്ലകൾ സന്ദർശിച്ചു. പദ്ധതി നടത്തിപ്പിൽ നേരത്തേ 111-ാം സ്ഥാനത്തായിരുന്ന ഫത്തേപുർ ഇന്ന് എട്ടാം സ്ഥാനത്താണ്.
സേവനങ്ങൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയും റാങ്കിങ് മെച്ചപ്പെടുത്താൻ യുപിയിൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിരന്തര പരിശ്രമം നടത്തി. വയനാട്ടിലെ ചില പദ്ധതികൾക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സിഎസ്ആർ ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അങ്കണവാടി മന്ത്രി സന്ദർശിച്ചു. അമ്പലച്ചാൽ ആദിവാസി കോളനിയിലും മരവയൽ ആദിവാസി സെറ്റിൽമെന്റിലും കേന്ദ്രമന്ത്രി ആദിവാസി കുടുംബങ്ങളുമായി സംസാരിച്ചു. പൊന്നട അങ്കണവാടിയും കൽപ്പറ്റയിലെ വൺ സ്റ്റോപ്പ് കേന്ദ്രവും അവർ സന്ദർശിച്ചു.