നെയ്യാറ്റിൻകര : വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയ അയൽവാസിയായ യുവാവിനെ പോലീസ് പിടികൂടി. വഴുതൂർ രവി മന്ദിരത്തിൽ നീന(65)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വഴുതൂർ കല്പിതത്തിൽ കിരൺ(26) ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മകൻ വൈശാഖിന്റെ രണ്ടരവയസ്സുള്ള മകനുമായി ഗേറ്റിനടുത്ത് നിൽക്കുകയായിരുന്നു നീന. പെട്ടെന്ന് വെട്ടുകത്തിയുമായി എത്തിയ കിരൺ നീനയെ ആക്രമിക്കുകയായിരുന്നു. നീനയുടെ കഴുത്തിനും ചെവിക്കുമാണ് പരിക്കേറ്റത്.
കുഞ്ഞിനെ എടുത്തുകൊണ്ട് സ്വന്തം മുറിയിലേക്കാണ് കിരൺ പോയത്. നീന നാട്ടുകാരെ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയുമെത്തി. വീടിന്റെ പുറംവാതിൽ തുറന്ന് അകത്തുകടന്നാണ് പ്രതിയെ കീഴ്പ്പെടുത്തി കുഞ്ഞിനെ രക്ഷിച്ചത്. പ്രതി വീട്ടിലും ബഹളമുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.