കോഴിക്കോട് : കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായുളള അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കോഴിക്കോട് ചെറുവണ്ണൂരിലും സംഘര്‍ഷത്തിലെത്തിച്ചത്. പ്രതിഷേധത്താക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും കല്ലിടല്‍ പൂര്‍ത്തിയാക്കാനായില്ല.
കോഴിക്കോട് കോര്‍പറേഷനിലെ 46 ആം ഡിവിഷന്‍റെ ഭാഗമായ ഈ പ്രദേശത്തെ വീടുകള്‍ക്ക് മുന്നിലുള്‍പ്പെടെ നേരത്തെ കല്ലിട്ട് പോയത് വലിയ പ്രതിഷേധത്തിനിടയാക്കിയരുന്നു. ചര്‍ച്ച നടത്താതെയും സംശയങ്ങള്‍ ദുരീകരിക്കാതെയുമാണ് പോലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥരെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പദ്ധതി പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്.