ദില്ലി : അയോധ്യയില്‍ ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ ഭൂമി കൈയേറിയെന്ന് ആരോപണം പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ‘ ബഹുമാനപ്പെട്ട മോദിജി ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങള്‍ എപ്പോഴാണ് വാ തുറക്കുക ? കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്തെ ജനങ്ങളും രാമഭക്തന്മാരും ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഇത് രാജ്യദ്രോഹമല്ലേ ? രാജ്യദ്രോഹത്തില്‍ കുറവുണ്ടോ? അയോധ്യയില്‍ ‘അന്ധേര്‍ നഗരി, ചൗപത് രാജ’ ഭരണമാണ് ബിജെപി നടത്തുന്നത്”- രണ്‍ദീപ്സുര്‍ജേവല പറഞ്ഞു. മാധ്യമ വാര്‍ത്തയെ അധികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്.
മതത്തിന്റെ മറവില്‍ ഹിന്ദുത്വ ശക്തികള്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദു സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം എംഎല്‍എ, മേയര്‍, കമ്മീഷണര്‍, എസ്ഡിഎ, ഡിഐജി എന്നിവരുടെ ബന്ധുക്കള്‍ അയോധ്യയില്‍ ക്ഷേത്രത്തിന് സമീപം ഭൂമി കൈയേറിയെന്നായിരുന്നു മാധ്യമവാര്‍ത്ത. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗയും വിഷയം ഉന്നയിച്ചിരുന്നു. ഭൂമി കുംഭകോണം എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ റവന്യൂ വകുപ്പിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതായി ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.