പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഗാനം ആലപിച്ചതിന് പ്രശംസ നേടിയ ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ഹാസ്യനടന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി. കുനാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ആ വിഡിയോ എഡിറ്റ് ചെയ്യുന്നതിന് മുന്‍പ് അയാള്‍ ആരോടാണ് അനുമതി വാങ്ങിയത്? ചിലരെല്ലാം പറയുന്നത് ഇത് തമാശയായി കാണണമെന്നാണ്. പക്ഷേ കുട്ടികളെക്കൊണ്ടല്ല തമാശ ചെയ്യിക്കേണ്ടത്’. കുട്ടിയുടെ പിതാവ് ഗണേഷ് പറഞ്ഞു. ജര്‍മനിയിലെ ബെര്‍ലിനില്‍ മോദി എത്തിയപ്പോഴായിരുന്നു ഏഴുവയസുകാരന്‍ ഗാനം ആലപിച്ചത്.
പ്രധാനമന്ത്രി കുട്ടിയുമായി ആശയവിനിമയം നടത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇത് കുനാല്‍ കമ്രയും പങ്കുവച്ചു. കുട്ടി പാടിയ ഹേയ് ജന്മഭൂമി ഭാരത് എന്ന പാട്ടിന് പകരം 2010ല്‍ പുറത്തിറങ്ങിയ പീപ്ലി ലൈവ് എന്ന ചിത്രത്തിലെ മെഹംഗായി ദായാന്‍ ഖായേ ജാത് ഹേ എന്ന പാട്ട് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു കുനാല്‍ കമ്ര.