കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടും. ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തെ ചൊല്ലിയുള്ള വിവാദം തുടരാനാണ് സാധ്യത. സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും, സ്ഥാനർത്ഥി നിർണയത്തിൽ ബാഹ്യ ഇടപെടലെന്ന ആരോപണം യുഡിഎഫ് ആവർത്തിക്കും. കർദിനാളിന്റെ നോമിനി അല്ലെന്ന് സഭ നേതൃത്വം ഇന്നലെ വിശദീകരിച്ചിരുന്നു. എന്നാൽ ജോ ജോസഫ് -സഭ ബന്ധം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കർദിനാൾ വിരുദ്ധ പക്ഷം ശ്രമിക്കുന്നത്.
അതേസമയം, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.