ദില്ലി : വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെഎസ്ആർടിസിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് ഇനി വരാൻ പോകുന്നത്. താത്കാലികമായി പുറമേയുള്ള പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിലധികം രൂപ വരുമാനം കോർപ്പറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമെ തികയുന്നുള്ളു. പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്പയെടുത്ത് പത്താം തീയതി മുതൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനാണ് മാനേജ്മെൻറ് ശ്രമിക്കുന്നത്. ഇതിനിടയിൽ വന്ന ഇന്ധന പ്രതിസന്ധി കോർപ്പറേഷന് തലവേദനയാകും.