കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തെങ്കിലും അലങ്കോലം ഉണ്ടാക്കാൻ ഉള്ള വിവാദം ആണിപ്പോൾ നടക്കുന്നതെന്നും സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മത പുരോഹിതരെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്. ലിസി ആശുപത്രിയിൽ വച്ച് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിൽ മറ്റൊന്നുമില്ല. കോൺഗ്രസിനെ പോലെ ഞങ്ങൾ ദുർബലർ അല്ല. ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഎമ്മിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിൻ്രെ പ്രതികരണം കാണുമ്പോൾ അക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു. വികസനത്തിൻ്റെ കേന്ദ്രമായി തൃക്കാക്കരയെ മാറ്റും. കൊച്ചി മെട്രോയ്ക്ക് അനുമതി വാങ്ങിയത് ഇടത് സർക്കാരിന്റെ കാലത്താണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി സഭയുടെ നോമിനിയാണെന്ന യുഡിഎഫ് വിമർശനം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി എൽഡിഎഫ് നേതാക്കൾ രംഗത്ത് എത്തുന്നത്. തൃക്കാക്കരയിലേത് സിപിഎമ്മിൻ്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന്
നേരത്തെ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും പറഞ്ഞിരുന്നു. സ്ഥാനാർത്ഥി സിപിഎം അംഗമാണ്. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് സഭയെ ബന്ധപ്പെടുത്തിയുള്ള ആക്ഷേപം യുഡിഎഫ് ഉന്നയിക്കുന്നത്. സഹതാപം എക്കാലത്തും വോട്ടാക്കിയത് കോൺഗ്രസാണെന്നും എന്നാൽ സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം ഇടതുമുന്നണി സ്ഥാനാർത്ഥിയെ സഭയുടെ ബാനറിൽ അവതരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി മുൻ കെസിബിസി വക്താവ് രംഗത്ത് എത്തി. ഫാദർ വർഗീസ് വള്ളിക്കാട്ടിലാണ് വിമർശനവുമായി രംഗത്തു വന്നത്. സഭയുടെ വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. ഒരു ബ്രാൻഡിംഗിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം അത് വിശദീകരിക്കണം. കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണതയാണിത്. സഭാ മേലധ്യക്ഷനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ഇതു കാരണമായെന്നും രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം…
തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു… ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത് ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം.