ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് രാഹുൽ ഗാന്ധി. തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, രാജാവാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘കെ.ചന്ദ്രശേഖർ റാവു അഴിമതിക്കാരനാണ്. കോൺഗ്രസിനെ അധികാരത്തിൽനിന്ന് അകറ്റാൻ ബിജെപി ടിആർഎസ്സുമായി കൈകോർക്കുകയാണ്. ബിജെപിയുടെ ‘റിമോട്ട് കൺട്രോളി’ലാണ് ടിആർഎസ്. അവർക്കു വോട്ടു ചെയ്യുന്നത് ബിജെപിക്ക് വോട്ടു ചെയ്യുന്നതിന് തുല്യമാണ്’– രാഹുൽ പറഞ്ഞു.
മാതൃകാ സംസ്ഥാനമാക്കുന്നതിനായി കോൺഗ്രസ് രൂപീകരിച്ച തെലങ്കാന എന്ന സ്വപ്നം ഒരാൾ തകർത്തുവെന്ന് കെസിആറിനെ ഉന്നമിട്ട് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയിലാകും കോൺഗ്രസിന്റെ ശ്രദ്ധ. കോൺഗ്രസ് ഒരിക്കലും അഴിമതിക്കാരായ ടിആർഎസ്സുമായി കൂട്ടുകൂടില്ല. തെലങ്കാനയ്ക്ക് രൂപംനൽകിയത് ഒരു കുടുംബത്തിനു മാത്രം ഗുണം കിട്ടാനല്ലെന്നും തെലങ്കാനയെ വഞ്ചിച്ച പാർട്ടിയുമായി കോൺഗ്രസിന് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.നേപ്പാളിൽനിന്നു തിരികെവന്നതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി തെലങ്കാനയിൽ എത്തിയത്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കോൺഗ്രസ് ചർച്ചകൾക്കിടയിൽ ഏപ്രിൽ ആദ്യം വിദേശത്തേക്ക് പോയ രാഹുൽ, അതിനുശേഷം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് തെലങ്കാനയിലേത്.