തിരുവന്തപുരം : കല്ലറ പഴയചന്ത ജംഗ്ഷനിൽ നിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി. പരാതിയെ തുടർന്ന് പോലീസെത്തി സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് മീൻ വാങ്ങി കഴിച്ച ഒരു കുടുംബത്തിലെ 4 പേർ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത് എമ്പാടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് പുതിയ പരാതി.
വൈകീട്ട് മുതുവിള സ്വദേശി ബിജു ചന്തയിൽ നിന്ന് വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ മീൻ തിരികെ കൊടുത്ത് പണം തിരികെ വാങ്ങി. ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. സംഭവമറിഞ്ഞ സുഹൃത്തുക്കൾ കളക്ട്രേറ്റിൽ പരാതി നൽകി. ഇതോടെ വില്ലേജ് ഓഫീസറും വെഞ്ഞാറമൂട് പോലീസും എത്തി സാമ്പിൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് വിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിൽ കുട്ടികളടക്കം നാല് പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ നിന്ന് മത്സ്യം വാങ്ങിയ മറ്റാർക്കും ബുദ്ധിമുട്ടുകളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാമ്പിൾ പരിശോധനാ ഫലം വന്ന ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.