ലക്‌നൗ : സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മുന്‍ എംപി കൂടിയായ ഡിംപിള്‍ യാദവിനു കോവിഡ് സ്ഥിരീകരിച്ചത്. താന്‍ ഐസലേഷനിലാണെന്നും രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധനയില്‍ കോവിഡ് പോസിറ്റീവായെന്നും ഡിംപിള്‍ ട്വീറ്റ് ചെയ്തു. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തിട്ടുണ്ടെന്നും അടുത്തിടപഴകിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അവര്‍ അറിയിച്ചു.
സമാജ്വാദി പാര്‍ട്ടിക്കു വേണ്ടി യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന അഖിലേഷ് യാദവ്, തിങ്കളാഴ്ച മുതല്‍ മധ്യ, പടിഞ്ഞാറന്‍ യുപിയില്‍ പ്രചാരണത്തിനെത്തിയിരുന്നു. അഖിലേഷ് വാക്‌സീന്‍ എടുത്തോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്താല്‍ മാത്രമേ വാക്‌സീന്‍ സ്വീകരിക്കൂവെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു.