തിരുവനന്തപുരം : മോദി സർക്കാരിന്റെ നയങ്ങൾ തൃക്കാക്കരയിൽ ചർച്ചയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എഎൻ രാധാകൃഷ്ണൻ ജനങ്ങൾക്ക് അറിയാവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. മതഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സിപിഐഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. ക്രൈസ്തവ, ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുന്ന ഭതഭീകരവാദികളോട് ഇടതിനും വലതിനും മൃദുസമീപനമാണുള്ളത്. മതഭീകര ശക്തികളെ വോട്ട്ബാങ്കിനുവേണ്ടി പ്രീണിപ്പിക്കുന്ന ഇവരുടെ നിലപാട് തൃക്കാക്കരക്കാർ തിരിച്ചറിയും. ക്രൈസ്തവസഭകൾ ഭീകരവാദ ശക്തികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന സമീപനം കൈക്കൊള്ളുന്നത് ആശ്വാസകരമാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് ആദ്യം മുതലേ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ കെവി തോമസിനെ കാണുമെന്നും അദ്ദേഹം യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണമെന്നാണ് ആഗ്രഹമെന്നും കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ മോൻസ് ജോസഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഐഎമ്മാണ്.
കത്തോലിക്ക സഭ എന്നും യുഡിഎഫിനൊപ്പമാണ് നിൽക്കാറ്. ഇത്തവണയും അതങ്ങനെ തന്നെയാകും സംഭവിക്കുക. രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്ന രീതി കത്തോലിക്കാ സഭയ്ക്കില്ല. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ആദ്യം യുഡിഎഫിലുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്. മലപ്പുറത്ത് സാധാരണഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.