തിരുവനന്തപുരം : കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും. അത് നടപ്പിലാക്കാൻ പറ്റുന്ന ജനപ്രതിനിധിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് മന്ത്രി പി രാജീവ്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണയും സ്വീകാര്യതയും ജോ ജോസഫിന് ലഭിക്കുന്നുണ്ട്. പൂര്‍ണമായും രാഷ്ട്രീയമായ ഒരു പോരാട്ടമാണ് നടക്കുക. മതനിരപേക്ഷ നിലപാടാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ജോ ജോസഫ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയമായി നിലപാടുണ്ട്. ഏറ്റവും വലിയ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് അവതരിപ്പിച്ചിട്ടുള്ളത്. നാല് വര്‍ഷം പാഴാക്കാതെ പിണറായി സര്‍ക്കാരിന് ഒപ്പം നിന്ന് തൃക്കാക്കരയുടെ വികസനത്തിന് സഹായകമാകുന്ന പ്രതിനിധിയുണ്ടാകുകയെന്നതാണ് പ്രധാനം.
താന്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവെന്ന് തെളിയിക്കാനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അശ്വമേധമാണ് തൃക്കാക്കര എന്ന് വരുത്താന്‍ ശ്രമിക്കുന്നു. മത പുരോഹിതന്‍മാര്‍ക്ക് എതിരായി കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. ഇടതുപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ സതീശന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ നല്ല ധാരണയിലാണ്. കെ റെയിൽ സമരത്തിൽ ഒറ്റക്കെട്ട്, വികസന കാര്യങ്ങൾ അട്ടിമറിക്കാൻ ഒറ്റക്കെട്ട്. എന്നാൽ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളാണ് എൽ ഡി എഫ് പറയുന്നത് മന്ത്രി പി രാജീവ് പറഞ്ഞു.