തിരുവനന്തപുരം: മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരൻ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരൻ അമ്മയെ അനുസ്മരിച്ചത്. അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ചെറിയ കുട്ടികൾ തന്നെയാണെന്ന് സുധാകരൻ കുറിച്ചു. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം
എന്റെ അമ്മ…
ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണിൽനിന്ന് മറയുന്നതു വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കി നിൽക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.
ഞാനും എന്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എന്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എന്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്.
അമ്മമാർ ഉള്ളിടത്തോളം കാലം, എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നൽകി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളിൽ പൊരുതാൻ പഠിപ്പിച്ച ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകൾ.