കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബ് അറിയിച്ചു.
‘സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്’. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.