ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും വെള്ളിയും കവർന്ന പ്രതികൾ പിടിയിൽ. വ്യവസായിയായ ചെന്നൈ മൈലാപ്പുർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ ഓങ്കോളിൽനിന്നാണ് ഇവരെ പിടികൂടിയത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് യുഎസ്സിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേർന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസിൽ കുഴിച്ചിട്ടു. തുടർന്ന് 9 കിലോ സ്വർണവും 60 കിലോ വെള്ളിയുമായി ഒളിവിൽ പോകുകയായിരുന്നു.