തിരുവനന്തപുരം : ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ആവശ്യപ്പെട്ടാല്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. വാ തുറന്നാല്‍ വിഷം തുപ്പുന്ന പി സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാര്‍ പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പി സി ജോര്‍ജിന്റെ മാത്രം സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്നാണ് വിമര്‍ശനം. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തിയെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.