ദില്ലി : രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.
2010 ജനുവരിക്ക് ശേഷം ആദ്യമായാണ് ഗോതമ്പ് പൊടിയുടെ വില ഈ വിധത്തില്‍ ഉയരുന്നത്. 156 കേന്ദ്രങ്ങളില്‍ നിന്നുള്ള ഗോതമ്പ് വില പരിശോധിച്ചാല്‍ പോര്‍ട്ട് ബ്ലയറിലാണ് ഗോതമ്പിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. കിലോയ്ക്ക് 59 രൂപയാണ് ഗോതമ്പിന്റെ വില. പശ്ചിമ ബംഗാളിലാണ് ഗോതമ്പ് ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത്. കിലോയ്ക്ക് 22 രൂപയാണ് പശ്ചിമ ബംഗാള്‍ ഗ്രാമങ്ങളില്‍ ഗോതമ്പിന്റെ വില.
നഗരപ്രദേശങ്ങളില്‍ ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില്‍പ്പന വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് മുംബൈ നഗരത്തിലാണ്. മുംബൈയില്‍ ഗോതമ്പ് പൊടിയ്ക്കായി കിലോയ്ക്ക് 49 രൂപ നല്‍കണം. ഡല്‍ഹിയില്‍ ഗോതമ്പ് പൊടിയ്ക്ക് 27 രൂപയുമാണ്. ചെന്നൈ നഗരത്തില്‍ 34 രൂപയാണ് ഒരു കിലോ ഗോതമ്പ് പൊടിയുടെ വില.