കൊച്ചി: ട്വന്‍റി20യും ആം ആദ്മിയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഈ പാര്‍ട്ടികളുമായി യു.ഡി.എഫ് ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. ബിസിനസ് നടത്താനുള്ള കിറ്റെക്‌സിന്റെ അവകാശത്തെ യു.ഡി.എഫ് പിന്തുണക്കുന്നു.
കേരളത്തില്‍ നടക്കുന്ന ബിസിനസ് സംരംഭങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് യു.ഡി.എഫ് നേരത്തെ തന്നെ നിലപാടെടുത്തിട്ടുണ്ട്. അതല്ലാതെ ട്വന്‍റി 20യുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മത്സരിക്കേണ്ടെന്ന തീരുമാനം ആ പാര്‍ട്ടിയാണ് എടുത്തത്. ട്വന്‍റി 20യും ആം ആദ്മിയും മത്സരിച്ചാല്‍ യു.ഡി.എഫിന് കിട്ടേണ്ട സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ എന്തെങ്കിലും രക്ഷ കിട്ടുമെന്നു നോക്കിയിരുന്നവര്‍ക്ക് അത് കിട്ടാതായപ്പോള്‍, യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്ന് പറയുന്നതില്‍ എന്ത് അർഥമാണുള്ളതെന്നും സതീശൻ ചോദിച്ചു.
കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍റെ വെറും ഉപകരണം മാത്രമാണ്. എം.എല്‍.എയെ ഉപകരണമാക്കി കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ല.
പി.ടി തോമസ് മത്സരിച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ട്വന്‍റി 20 കുറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന ധാരണ പി.ടി തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിര്‍ക്കാനുള്ള കാരണം. ട്വന്‍റി 20യുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കി സ്ഥാനാര്‍ഥിയെ മാറ്റിയെന്നത് എല്‍.ഡി.എഫിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതാണ്.
സര്‍ക്കാറിനെതിരായ നിലപാടിലാണ് ട്വന്‍റി 20. അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഘടിച്ചേനെ. അത് യു.ഡി.എഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കുമായിരുന്നു. ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന ട്വന്‍റി 20യാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിന് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. വര്‍ഗീയ വാദികള്‍ ഒഴികെ മറ്റെല്ലാവരോടും യു.ഡി.എഫ് വോട്ടു ചോദിക്കും. ട്വന്‍റി 20ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ വോട്ടര്‍മാരെല്ലാം സാധാരണക്കാരാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.