തിരുവനന്തപുരം : നൂറാമത്തെ എൽഎഡിഎഫ് എം.എൽ.എയായി ഡോ. ജോ ജോസഫ് നിയമസഭയിൽ ഉണ്ടാകുമെന്ന് ജോസ് കെ മാണി എം.പി. തൃക്കാക്കരയിൽ യുഡിഎഫ് പകച്ചു നിൽക്കുകയാണ്. അത് അവരുടെ തകർച്ചയ്ക്ക് കാരണമാകും. സഭ ആത്മീയ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും അവരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്. ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ ത്രിക്കാക്കരയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികൾക്കുമുള്ളത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്‍റി ട്വന്‍റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്‍റി ട്വന്‍റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരംഗത്തില്ലാത്തതിനാൽ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്നാണ് കെ മുരളീധരൻ പറയുന്നത്.
ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താത്തത്. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടമാവും ഇത്തവണ നടക്കുക.