ഷഹീൻ ബാഗ് : ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അമ്മാനത്തുള ഖാനെയും പ്രവർത്തകരെയും പ്രതികളാക്കി ഡൽഹി പൊലീസ് കേസെടുത്തു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പരാതിയെ തുടർന്നാണ് കേസ്. പ്രതിഷേധക്കാരായ ആം ആദ്മി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം ഡൽഹി സംസ്ഥാന കമ്മിറ്റി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്നലെ ഹർജിയിൽ ഇടപെടാൻ സുപ്രിംകോടതി തയാറായിരുന്നില്ല. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ന്യൂ ഫ്രണ്ട്സ് കോളനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനം.
പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിൽ ഇന്നലെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഇവിടേക്ക് തെക്കൻ ഡൽഹിയിലെ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ അധികൃതർ ബുൾഡോസറുമായി എത്തിയതോടെ നാട്ടുകാരുടെ വലിയ സംഘം ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ഒഴിപ്പിക്കൽ നടപടികൾക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീർത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ താത്കാലികമായി നിർത്തിവച്ചു.