തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്പളം നൽകാനായി വായ്പയെടുക്കാനുള്ള മാനേജ്മെന്റ് നടപടിയും ഇഴയുകയാണ്. പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്നു പണിമുടക്ക് പിൻവലിക്കാൻ ഗതാഗത മന്ത്രി മുന്നോട്ട് വച്ച വാഗ്ദാനം. സിഐടിയു യൂണിയൻ മന്ത്രിയെ വിശ്വസിച്ച് പണിമുടക്കിൽ നിന്ന് പിന്മാറി. മറ്റു യൂണിയനുകൾ പണിമുടക്കി. പക്ഷേ, ജീവനക്കാർക്ക് ഇന്നും ശമ്പളം ലഭിക്കില്ല. ആറാം തീയതിയിലെ പണിമുടക്ക് ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് ഇപ്പോഴത്തെ ന്യായീകരണം.
ഇതോടെ മാനേജ്മെന്റിന് ഒപ്പം നിന്ന സിഐടിയുവും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കിയതിന്റെ പേരിൽ വൈരാഗ്യ ബുദ്ധിയോടെ മാനേജ്മെന്റ് പെരുമാറരുതെന്നും, പത്തിന് ശമ്പളം നൽകാമെന്ന ധാരണയിലായിരുന്നു പണിമുടക്കിൽ നിന്ന് വിട്ടു നിന്നതെന്നും സിഐടിയു പ്രസ്താവനയിൽ അറിയിച്ചു.
പണിമുടക്കിൽ കോർപ്പറേഷന് നാലേകാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് വാദം. ശമ്പളത്തിനായി കെടിഡിഎഫ്സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, കൂടുതൽ സമയമെടുക്കും. സർക്കാർ 30 കോടിക്ക് പുറമെ അധിക ധനസഹായം അന്യവദിക്കുകയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ശമ്പള വിതരണം ഇരുപതാം തീയതിയോട് അടുക്കുമെന്നാണ് മാനേജ്‌മെന്റ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.