മൊഹാലി: പഞ്ചാബ് പൊലീസിന്‍റെ മൊഹാലിയിലെ ഇന്‍റലിജൻസ് ഓഫീസിൽ നടന്ന സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് എസ്.പി രവീന്ദ്രപാൽ സിംഗ്. മുതിർന്ന ഉദ്യോഗസ്ഥരും എഫ്.എസ്.എൽ സംഘവും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കെട്ടിടത്തിന് പുറത്ത് നിന്നാണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എ.എസ് നഗറിൽ സെക്ടർ 77ലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി 7.45നാണ് സ്ഥോടനം ഉണ്ടായത്. മൊഹാലി പൊലീസ് ഒൗദ്യോഗികമായി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഓഫീസിൽ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്നും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം നടന്നതാണെന്നുമുള്ള വ്യത്യസ്ത വിവരങ്ങാണ് പുറത്ത് വന്നത്.
അതേസമയം, സ്ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്തി ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ജനൽ ചില്ലുകളും മറ്റ് വസ്തുക്കളും തകർന്ന ചിത്രങ്ങളടക്കം പുറത്ത് വന്നെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലായെന്നാണ് പൊലീസിന്‍റെ ഒൗദ്യോഗിക വിശദീകരണം.