ആമ്പല്ലൂർ: ഭക്ഷ്യസുരക്ഷ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബ്ലോക്ക്തല ആരോഗ്യമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പൊതുസമൂഹം ജാഗ്രത പുലർത്തണം. ശുചിത്വമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. ജീവിതശൈലീ രോഗങ്ങൾ തിട്ടപ്പെടുത്താനുള്ള ആരോഗ്യ സർവേ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് നാലാം വാർഷികത്തിന്റെ ഭാഗമായാണ് ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സർക്കാറിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.