തിരുവനന്തപുരം: അമ്പലമുക്ക് വിനീതാ കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസ് ബുധനാഴ്ച വിചാരണ കോടതിക്കു കൈമാറും. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയിലാണു വിനീതയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 11നാണ് പ്രാഥമിക കേസ് നടപടികൾ കൈകാര്യം ചെയ്യുന്നത്.
ഫെബ്രുവരി ആറിന്, ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഞായാഴ്ചയാണ് അമ്പലംമുക്കിൽ ചെടി വിൽപന നടത്തുന്ന കടയിലെ ജീവനക്കാരിയായ വിനീതയെ, രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ എറിഞ്ഞു. കത്തി പ്രതി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാം ദിവസം തമിഴ്‌നാട്ടിൽനിന്നു പിടികൂടിയത്. തുടർന്ന് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ തമിഴ്‌നാട് പൊലീസും കൊലക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്‌തെന്ന് അറിഞ്ഞു. രാജേന്ദ്രൻ ഇപ്പോൾ റിമാൻഡിലാണ്. 750 പേജുകളുള്ള കുറ്റപത്രത്തിൽ 118 സാക്ഷികളും 158 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ 51 തോണ്ടി സാധനങ്ങളും ഉണ്ട്. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.