കൊളംബോ: ഇത് ഞങ്ങൾ നേരത്തെ ചെയ്യേണ്ടതായിരുന്നു. എല്ലാം കൺമുന്നിൽ കത്തിനശിക്കട്ടെ. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും മുഖം അടിച്ചു തന്നെയാണ് മറുപടി നൽകേണ്ടത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചിട്ടും കലിയടങ്ങാത്ത പ്രക്ഷോഭകാരികളുടെ വാക്കുകൾ. മഹിന്ദ രാജപക്സെ കുടുംബത്തോടോപ്പം രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം പ്രക്ഷോഭകാരികൾ തടഞ്ഞു. പ്രവേശനകവാടത്തിലേക്കുള്ള റോഡിനു കുറെകെ നിരവധി വാഹനങ്ങൾ നിർത്തിയിട്ടാണ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്ന് പ്രക്ഷോഭകാരികൾ പറഞ്ഞു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹിന്ദ രാജപക്സെ നിലവിൽ കഴിയുന്ന ട്രിങ്കോമാലി നാവികത്താവളത്തിന്റെ മുൻപിലും പ്രക്ഷോഭകാരികൾ നിലയുറപ്പിച്ചു. കൊളംബോയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസ് വസതി ജനം വളഞ്ഞതോടെയാണ് സൈന്യം രാജപക്സെയെ നാവികതാവളത്തിലേക്കു മാറ്റിയത്.
സൈന്യം ഏറെ പണിപ്പെട്ടാണ് ചൊവ്വാഴ്‌ച മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ് സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണു സൈന്യം മഹിന്ദ രാജപക്സെയുടെ രക്ഷയ്ക്കെത്തിയത്. മഹിന്ദ രാജപക്സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്. ഹമ്പൻതോട്ടയിൽ മഹിന്ദയുടെ തറവാട്ടുവീടിനു തിങ്കളാഴ്ച പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. രാജപക്സെ കുടുംബത്തിന്റെ നിരവധി വസ്തുവകകളും തകർത്തു. മുൻ മന്ത്രിമാരുടെയും എംപിമാരുടേതുമായി 50 ഓളം വീടുകൾക്ക് ജനം തീവച്ചു. ചിലയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കു നേരെയും ആക്രമണ ശ്രമം ഉണ്ടായി.