കൊച്ചി: കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലാരിവട്ടത്തിനടുത്ത് മെട്രോ പില്ലറിനടയിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.
ട്രാഫിക് സിഗ്നലിന് സമീപം ചെടികൾവച്ച് പരിപാലിക്കാൻ കൊച്ചി മെട്രോ അനുവദിച്ച 516- 517 പില്ലറുകൾക്കിടയിലാണ് കഞ്ചാവ് ചെടി കണ്ടത്. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള ചെടിക്ക് ഏകദേശം നാല് മാസം പ്രായമുണ്ടെന്നാണ് കരുതുന്നത്. ചെടി ഉദ്യോഗസ്ഥർ നശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും മനഃപ്പൂർവം വളർത്തിയതു തന്നെയാകാനാണ് സാധ്യതയെന്നും നട്ടുവളർത്തിയവരെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.