ന്യൂഡൽഹി : സർക്കാരിതര സംഘടനകൾ (എൻജിഒ) വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ അഴിമതി നടത്തിയത് മറയ്ക്കാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത് സിബിഐ. വിദേശ ധനസഹായ തിരിമറിയുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് 10 പേർ അറസ്റ്റിലായത്.
ഇതിൽ അഞ്ചു പേർ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരാണ്. നാൽപതോളം ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. കൈക്കൂലി വാങ്ങി എൻജിഒകൾക്ക് നിയമവിരുദ്ധമായി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന് (എഫ്സിആർഎ) അനുമതി നൽകിയതിനാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു.
ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥർ, എൻജിഒ പ്രതിനിധികൾ, ഒരു ഇടനിലക്കാരൻ എന്നിവരെ കൈക്കൂലി കേസിൽ കയ്യോടെ പിടികൂടി. ഹവാല ഇടപാടുവഴി കടത്തിയ രണ്ടു കോടിയോളം രൂപ ഡൽഹി, രാജസ്ഥാൻ, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽനിന്നുള്ള പരിശോധനയിൽ പിടികൂടിയതായും സിബിഐ അറിയിച്ചു.