മുംബൈ : അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. തുടർന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതൽ അസാനിയുടെ ശക്തി കുറയും. അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറും. ആന്ധ്രയുടെ വടക്കന്‍ തീര മേഖലയില്‍ ശക്തമായ മഴയുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനസര്‍വ്വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കി. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 75 മുതൽ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും ദുരന്തസാധ്യതാ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം , എറണാകുളം , പാലക്കാട്, തൃശൂർ , മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.