കൊച്ചി : മെട്രോയുടെ സുരക്ഷ കുടിശകയെ ചൊല്ലി പോലീസും കൊച്ചി റെയിൽ കോർപ്പറേഷനും തമ്മിൽ തർക്കം. സുരക്ഷ സർക്കാർ ചുമതലയാണെന്നും സുരക്ഷ നൽകിയതിനുള്ള കുടിശിക സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മെട്രോ റെയിൽ കോർപ്പറേഷൻ സർക്കാരിന് കത്തു നൽകി. കരാർ പ്രകാരമാണുള്ള പണം നൽകിയേ മതിയാവു എന്ന നിലപാടിലാണ് പോലീസ്.
മെട്രോ റെയിൽ കോർപ്പറേഷന് സുരക്ഷ നൽകുന്നത് കേരള പോലീസിലെ സ്റ്റേറ്റ് ഇൻഡ്രസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ്. 2017 മുതൽ 2022 മാർച്ച് വരെയുള്ള 35, 67,78,600 രൂപയാണ് കൊച്ചി മെട്രോ പോലീസിന് നൽകാനുള്ളത്. ഈ പണം ആവശ്യപ്പെട്ട് പോലീസ് കത്തു നൽകിയതോടെയാണ് തർക്കം തുടങ്ങുന്നത്. സുരക്ഷയ്ക്ക് പണം വേണമെന്ന് കൊച്ചി മെട്രോ കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയത് ലോക് നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കുമ്പോഴാണ്. ബെഹ്റയാണ് ഇപ്പോൾ മെട്രോ റെയിൽ എംഡി. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സർക്കാരുമായുണ്ടാക്കിയ ധാരണപത്രത്തിൽ ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാർ ഉത്തരവാദിത്വമാണ്.
മെട്രോ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതിന് മുമ്പ് കോർപറേഷൻ എംഡിയും, പോലീസുമായി ഒപ്പുവച്ച മറ്റൊരു ധാരണ പത്രത്തിലാണ് 135 പോലീസുകാര്‍ക്ക് സുരക്ഷയ്ക്ക് പണം നൽകാമെന്ന് മെട്രോ സമ്മതിച്ചത്. ആദ്യ ധാരണാ പത്രം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പണം നൽകാൻ വിസമ്മതിക്കുന്നത്. പക്ഷെ പൊലീസ് അംഗീകരിച്ചില്ല. പോലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഡ്രസിയൽ സെക്യൂരിറ്റി ഫോഴ്സ് തുടങ്ങിയത് തന്നെ സുരക്ഷ നൽകി സർക്കാരിന് വരുമാനമുണ്ടാക്കാനാണ്. പണം നൽകിയേ തീരു എന്ന പോലീസിന്റെ നിലപാടിൽ സാവകാശം വേണമെന്ന മറുപടിയാണ് മെട്രോ അധികൃതര്‍ നൽകുന്നത്. കുടിശിക വരുത്തിയതിനാഷ 80 പോലീസുകാരെ പിൻവലിച്ചു.
സെക്രട്ടേറിയറ്റിലും ഹൈക്കോടതിയിലും സുരക്ഷ നൽകുന്നത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ്. പക്ഷെ ശമ്പളം സര്‍ക്കാര്‍ നേരിട്ട് നൽകുകയാണ്. മെട്രോയുടെ സുരക്ഷ കൂടി ആ കൂട്ടത്തിൽ പെടുത്തി കുടിശിക കെണിയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും പോലീസ് സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നുണ്ട്.