തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി 17ലേക്കു മാറ്റി. പി.സി.ജോർജ് വീണ്ടും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ഇന്നുതന്നെ ഹർജിയിൽ തീരുമാനം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കോടതിയോട് പോലും ബഹുമാനം ഇല്ലാതെ പി.സി.ജോർജ് എന്തും വിളിച്ചു പറയുകയാണ്. പിസിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണ്. പാലാരിവട്ടത്തെ പ്രസംഗത്തിന്റെ സിഡി കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. തുടർന്ന് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പൊലീസിന്റെ ഭാഗത്തെ വീഴ്ച കാരണമാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.