തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ. പിടിയിലായത് പൊലീസിനെ കബളിപ്പിച്ച മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ്. നിരവധി മോഷണക്കേസുകളിലെ പ്രതി വാമനപുരം പ്രസാദാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. വലിയതുറ പൊലീസാണ് പ്രസാദിനെ പിടികൂടിയത്. പത്ത് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച പ്രസാദ് കുടുങ്ങുന്നത് വലിയതുറ ഓൾ സെയ്ന്‍റ്സ് ഭാഗത്തെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ.
നെടുമങ്ങാട് വാമനപുരം അമ്പലമുക്ക് സ്വദേശിയാണ് പ്രസാദ്. 1993 മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ മോഷണക്കേസുകളിലെ പ്രതി. മോഷണം തൊഴിലാക്കിയ വിരുതൻ. വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് പതിവ്. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കും. മോഷണക്കുറ്റം മാത്രം ആയതിനാൽ എളുപ്പത്തിൽ ജാമ്യത്തിലിറങ്ങും. പിന്നെയും കക്കും. ഇതാണ് പ്രസാദിന്‍റെ രീതി. ഒരു തവണ മോഷണം നടത്തിയാൽ പിന്നെ അവിടെ നിൽക്കില്ല. മറ്റൊരു സ്ഥലത്ത് ഒളിത്താവളമൊരുക്കി കഴിയും. കയ്യിലെ പണം തീരുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും.
അങ്ങനെ മോഷണം പതിവാക്കിയ തിരുവനന്തപരും ജില്ലയുടെ ഉറക്കം കെടുത്തിയ പ്രതിയാണ് പിടിയിലായത്. സമീപകാലത്ത് ജയിലിൽ നിന്നിറങ്ങിയ പ്രതി ജില്ലയിലെ പല സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയിൽ നിന്ന് മോഷണ മുതലും പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ മോഷണക്കേസുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
തിരുവനന്തപും സിറ്റി ഡിസിപി അങ്കിത് അശോകന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഡി.കെ.പൃത്ഥ്വരാജിന്‍റെ നേതൃത്വത്തിൽ വലിയതുറ ഇൻസ്പെക്ടർ എസ്ച്ച്ഒ ടി സതികുമാർ, അഭിലാഷ് എം, അലീന സൈറസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്പലംമുക്ക് പൂവണത്തുമൂട് സ്കൂളിന് സമീപം കൊച്ചുകുന്നിൽ പുത്തൻവീട്ടിൽ സ്വദേശിയാണ് പ്രസാദ്.