നിലമ്പൂർ : നിലമ്പൂരിൽ വൈദ്യനെ കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. ഒന്നാം പ്രതിയായ ഷൈബിൻ സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വിഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്നവഴിയും ആക്രമണ പദ്ധതികളും ഓഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഷൈബിൻ വിശദീകരിക്കുണ്ട്. ഷൈബിനും സംഘവും ആക്രമണം ആസൂത്രണം ചെയ്‌തത് തെളിവുകളെല്ലാം നശിപ്പിക്കാനുതകുന്ന വിധത്തിലാണ്. ഹാരിസിന്റെ വീട്ടിലേക്ക് പോകുന്ന വഴികളിലെ സി സി ടി വി കാമറയുള്ള കെട്ടിടങ്ങളും അതിനെ എങ്ങനെ മറികടക്കാമെന്നും ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
വീടുകയറിയുള്ള ആക്രണമണം കേവലം ലോക്കൽ പോലീസ് അന്വേഷിക്കുന്ന കേസായി മാറുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. എല്ലാ പദ്ധതികളും ചെറുതാക്കിയതിനാൽ സംഘാംഗങ്ങൾക്ക് എളുപ്പമായിയെന്ന് വിശദീകരിച്ച് നൽകുന്നതാണ് പുറത്തുവന്ന മറ്റൊരു ഓഡിയോ ക്ലിപ്പ്. ഇതുകൂടാതെ 45 പേപ്പർ ടി റ്റി പി എടുത്ത് അത് ഒരു ചുവരിൽ ഒട്ടിച്ചുവെച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഹാരിസിനെ കൊലപ്പെടുത്തേണ്ട രീതിയും ഒപ്പം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തേണ്ട രീതിയും അത് എങ്ങനെ ആയിരിക്കണമെന്നും ഏതൊക്കെ സംഘാംഗങ്ങളാണ് ഇതിൽ കൃത്യമായി ഇടപെടേണ്ടതെന്നും കൃത്യമായി എഴുതിയിട്ടുണ്ട്. ഇതൊരു കൊലപതാകമല്ല മറിച്ച് ഒരു ആത്മഹത്യയാണെന്ന് വരുത്തി തീർക്കണമെന്നും അതിനുവേണ്ടി അദ്ദേഹത്തിന്റെ കൈഞരമ്പ് മുറിക്കണമെന്നും പേപ്പറിൽ എഴുതിവെച്ചിട്ടുണ്ട്.
മൈസൂർ സ്വദേശിയായ വൈദ്യനെ ഒന്നേക്കാൽ വർഷത്തോളം ഷൈബിന്റെ വീട്ടിൽ ബന്ധിയാക്കി മർദിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായാണ് പോലീസിന്റെ കണ്ടെത്തൽ. മൈസൂർ രാജീവ് നഗർ സ്വദേശി ഷാബാ ശെരീഫ് ആണ് കൊല്ലപ്പെട്ടത്.
മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി കേരളത്തിൽ മരുന്നു വ്യാപാരം നടത്താനാണ് ഇയാളെ തട്ടികൊണ്ടു വന്നത്. എന്നാൽ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാൻ ഷാബാ ശെരീഫ് തയ്യാറായില്ല. തുടർന്ന് ഷൈബിൻ്റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു. ഷൈബിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഷൈബിനും സഹായികളും ചേർന്ന് മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് തള്ളുകയായിരുന്നു.
2019 ലാണ് ഷാബാ ഷെരീഫിനെ ഷൈബിനും സംഘവും തട്ടിക്കൊണ്ട് വന്നത്. ഷാബാ ശെരീഫിനെ കാണാതായതോടെ ബന്ധുക്കൾ മൈസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം വഴിമുട്ടിയപ്പോളാണ് നിലമ്പൂർ പോലീസ് ഷാബാ ശെരീഫിൻ്റെ ബന്ധുക്കളെ അന്വേഷിച്ച് ചെല്ലുന്നത്. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏഴംഗ സംഘം, വീട്ടിൽ കയറി ആക്രമിച്ച് പണവും ലാപ്ടോപ്പും തട്ടിയടുത്തെന്ന് ഷൈബിൻ നിലമ്പൂർ പോലീസിൽ നൽകിയ പരാതിയാണ് നിർണായക വഴിത്തിരിവായത്. ഈ സംഭവത്തിൽ ബത്തേരി സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.