തൃക്കാക്കര : തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്. ട്വന്റി-20 വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.