ഹൈദരാബാദ്: മദ്യലഹരിയിലായിരുന്ന യുവാവ് പുലർച്ചെ പൊലീസിന്‍റെ എമർജൻസി നമ്പറായ 100ലേക്ക് വിളിച്ച് ആവശ്യപ്പെട്ടത് തനിക്ക് തണുത്ത ബിയർ എത്തിക്കാൻ. തെലങ്കാനയിലെ വികാറാബാദിലാണ് സംഭവം. യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് അടിയന്തര സഹായമാവശ്യപ്പെട്ട് മധു എന്ന 22കാരൻ പുലർച്ചെ പൊലീസിന്‍റെ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. കൺട്രോൾ റൂം ഉദ്യോഗസ്ഥർ ആവശ്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ ഫോണിലൂടെ പറയാൻ സാധിക്കില്ലെന്നും നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടു. പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ദൗലത്താബാദിലെ മധുവിന്‍റെ വീട്ടിലേക്ക് കൺട്രോൾ റൂം അയച്ചു.
പ്രദേശത്തെ എല്ലാ മദ്യവിൽപന ശാലകളും അടച്ചതിനാൽ തനിക്ക് തണുത്ത ബിയർ എത്തിച്ച് നൽകണമെന്ന യുവാവിന്‍റെ ആവശ്യം കേട്ട് പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. യുവാവിന്‍റെ പെരുമാറ്റത്തിൽ രോഷാകുലരായ പൊലീസുകാർ അദ്ദേഹത്തെ മർദ്ദിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പിറ്റേ ദിവസം പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയെ ഇദ്ദേഹത്തെ കൗൺസിലിങിന് ശേഷം പറഞ്ഞ് വിട്ടതായി പൊലീസ് അറിയിച്ചു.