കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ജീവനക്കാര്‍ക്കും പിടിവീഴുന്നു. വകയാര്‍ കേന്ദ്ര ഓഫീസിലെ ജീവനക്കാര്‍, സോണല്‍ മാനേജര്‍മാര്‍, ബ്രാഞ്ച് മാനേജര്‍മാര്‍, കൂടാതെ നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ക്ലറിക്കല്‍ ജീവനക്കാര്‍ എന്നിവരെയാണ് കേന്ദ്ര അന്വേഷണ എജന്‍സിയായ എസ്.എഫ്.ഐ.ഓ ചോദ്യം ചെയ്യുന്നത്. ചിലരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. മറ്റുള്ളവര്‍ക്ക് സമന്‍സ് അയച്ചുതുടങ്ങി. ഇത് കൈപ്പറ്റുന്ന മുറക്ക് ഇവര്‍ അന്വേഷണ ഏജന്‍സിയുടെ മുമ്പാകെ ഹാജരായി തെളിവ് നല്‍കണം. ചെന്നൈ രാജാജിശാലയിലുള്ള എസ്.എഫ്.ഐ.ഓയുടെ കോര്‍പ്പറേറ്റ് ഓഫീസിലാണ് എത്തേണ്ടത്.
ഐഡന്റിറ്റി കാർഡ്, പാൻ കാർഡ്, രണ്ട് ഫോട്ടോഗ്രാഫുകൾ, കൂടാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ട്, പ്രോപ്പർട്ടി വിശദാംശങ്ങൾ എന്നിവയും കൂടാതെ പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയെ സംബന്ധിച്ച് കൈവശമുള്ള എല്ലാ രേഖകളും വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് നല്‍കണം. മുന്‍കൂട്ടി അറിയിച്ചിരിക്കുന്ന തീയതിയും സമയവും മാറ്റിവെക്കുന്നതല്ലെന്നും സമന്‍സ് അയച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ തിരികെ പോകുവാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമൻസുകളിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാല്‍ 2013-ലെ കമ്പനീസ് ആക്റ്റിന്റെ സെക്ഷൻ 217 സബ് സെക്ഷൻ (8)-ലെ വ്യവസ്ഥകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമായും ഒന്‍പത് കാര്യങ്ങളാണ് കേന്ദ്ര എജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
1. നിങ്ങൾ ഒരു ഡയറക്ടർ/പങ്കാളി ആയിരുന്ന/ ആയ സ്ഥാപനങ്ങൾ/കമ്പനി എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ.
2. നിങ്ങൾ ഒരു ഡയറക്ടർ/പങ്കാളി ആയിരുന്ന സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ.
3. അത്തരം സ്ഥാപനങ്ങൾ/കമ്പനികൾ, വ്യക്തിഗത ഡയറക്ടർ/പങ്കാളികൾ എന്നിവരുടെ പേരിൽ വാങ്ങിയ വസ്തുവകകളുടെ വിശദാംശങ്ങൾ.
4. നിങ്ങളുടെ പേരിലോ, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേരിലോ വാങ്ങിയ വസ്തുവകകളുടെ വിശദാംശങ്ങൾ
5. നിങ്ങളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളുടെയും കുടുംബാംഗങ്ങളുടെയും വിശദാംശങ്ങൾ.
6. നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനായി നൽകിയ ലഘുലേഖയുടെ/പരസ്യത്തിന്റെ പകർപ്പ്.
7. നിക്ഷേപത്തിനുള്ള അപേക്ഷാ ഫോമിന്റെ പകർപ്പ്.
8. നിക്ഷേപ രസീതിന്റെ പകർപ്പ്.
9. മുകളിൽ പറഞ്ഞ വിഷയത്തിൽ പ്രസക്തമായ മറ്റേതെങ്കിലും വിശദാംശങ്ങൾ.
ഇതില്‍ ചില കാര്യങ്ങള്‍ ജീവനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. അതായത് സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാങ്ങിയ വസ്തുവകകളുടെ വിശദാംശങ്ങൾ, സ്വകാര്യ ബാങ്ക് അക്കൗണ്ടുകളുടെയും കുടുംബാംഗങ്ങളുടെയും വിശദാംശങ്ങൾ എന്നിവയാണ് ഇത്. ഇതോടെ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരുടെ പണം അനധികൃതമായി കൈക്കലാക്കിയ എല്ലാവരും കുടുങ്ങുമെന്ന് ഉറപ്പായി. കുറ്റം തെളിഞ്ഞാല്‍ ഇവരുടെ വസ്തുവകകള്‍ ഏറ്റെടുക്കുവാനും ലേലം ചെയ്ത് ലഭിക്കുന്ന പണം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. സമന്‍സ് ലഭിച്ചവരും പട്ടികയില്‍ ഉള്ളവരും ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായി. കേരളാ പോലീസിന്റെ സാധാരണ അന്വേഷണത്തിലൂടെ കേസുകളും പ്രശ്നങ്ങളും ഒതുക്കാമെന്ന് കരുതിയവര്‍ക്ക് കനത്ത പ്രഹരമായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഒന്നിനുപിറകെ മറ്റൊന്നായി കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന് എത്തിയതോടെ പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ബന്ധപ്പെട്ട എല്ലാവരും കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.