ലഖ്നോ: തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് ചാടി. അലിഗഢിലെ മഹിളാ ബാരക്ക് എന്ന സ്ത്രീ സുരക്ഷാ പാർപ്പിടത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആകാശ് എന്ന 22കാരൻ മകളെ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്ക് 16 വയസാണെന്നായിരുന്നു പിതാവ് പരാതിയിൽ ആരോപിച്ചത്. എന്നാൽ പെൺകുട്ടിക്ക് 19 വയസുണ്ടെന്ന് കണ്ടെത്തി.
മെഡിക്കൽ പരിശോധനക്കും മറ്റു നടപടി ക്രമങ്ങൾക്കും വിധേയമാക്കേണ്ടതിനാലാണ് പെൺകുട്ടിയെ മഹിളാ ബാരക്കിൽ താമസിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ ഭീഷണിക്കും ആത്മഹത്യാ പ്രേരണക്കും പ്രതിയായ ആകാശിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.