തിരുവനന്തപുരം : പാർട്ടി വിരുദ്ധ നടപടികളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ കെവി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നാണ് പുറത്താക്കൽ നടപടിയോട് വി ഡി സതീശൻ പ്രതികരിച്ചത്. ‘കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ വി തോമസ് ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്’. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെ വി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വി ഡി സതീശൻ പറഞ്ഞു.
എന്നാൽ അതേ സമയം, കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നുമുള്ള നിലപാടിലാണ് കെ വി തോമസ്.