തകഴി: പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം കാലത്തോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ടിരുന്ന പരമേശ്വരന്‍ പിള്ള. പ്രഗത്ഭരായ നിരവധി അഭിനേതാക്കാൾക്ക് വേഷം പകർന്ന കലാകാരനാണ് അദ്ദേഹം. നടനത്തിന്‍റെ സർവ്വഭാവങ്ങളും മനസ്സിൽ നിറച്ച് മുഖരൂപത്തിൽ മാറ്റം വരുത്തുന്ന ശില്പി. ദമയന്തി , നളന്‍, കർണ്ണന്‍ , കൃഷ്ണന്‍ എന്നിങ്ങനെ അദ്ദേഹം മുഖത്തെഴുതിയ മിക്ക കഥാപാത്രങ്ങളും ആസ്വാദക വൃന്ദത്തിന്‍റെ മനം കവർന്നിട്ടുണ്ട്.
പ്രശസ്തരായ കലാമണ്ഡലം കൃഷ്ണൻ നായർക്കും ഗോപിയാശനും പരമേശ്വരൻ പിള്ളയുടെ ചുട്ടി കുത്തിനോടാണ് പ്രിയം. പരമേശ്വരന്‍ പിള്ളയുടെ മരണത്തോടെ തകഴി ഗ്രാമത്തിലെ കഥകളി പാരമ്പര്യത്തിന്‍റെ അവസാന കണ്ണിയാണ് അറ്റുപോയത്. കുമുദമ്മയാണ് ഭാര്യ. രമേശ് കുമാര്‍ പി, അശോക് കുമാര്‍ പി, അനില്‍ കുമാര്‍ പി, അനീഷ് കുമാര്‍ പി എന്നിവരാണ് മക്കള്‍. ശവസംസ്കാരചടങ്ങുകൾ തകഴി പടഹാരത്തുള്ള വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.