തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ് ഭവനിലെത്തി. ഗവർണർക്കു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ മാസങ്ങൾക്കു മുൻപ് അനുമതി നൽകിയിരുന്നു. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെൻസ് ജിഎൽഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാൻ സർക്കാർ അനുവദിച്ചത്. വാഹനം ഗവർണർ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
മുൻ ഗവർണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവൻ സർക്കാരിനു കത്തു നൽകിയത്. ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബ്രൗൺ നിറത്തിലുള്ള ബെൻസ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്നു ഗവർണർമാർ വാഹനം ഉപയോഗിച്ചു. കേന്ദ്ര നിർദേശം അനുസരിച്ച് 5 വർഷം കഴിയുമ്പോഴോ ഒരു ലക്ഷം കിലോമീറ്റർ കഴിയുമ്പോഴോ വാഹനം മാറ്റണം. പി.സദാശിവം ഗവർണറായിരിക്കുമ്പോൾ തന്നെ കാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ചശേഷമാണ് സർക്കാര്‍ പുതിയ വാഹനം വാങ്ങാൻ അനുമതി നൽകിയത്.