കൽപറ്റ: വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മേയ് 27ന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണം.
സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുൻ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാൻ കഴിയാതെ വന്നത്. ഇതിനെ തുടർന്നാണ് വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത്.ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോൾ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ ബാധ്യത ഉടൻ തീർക്കണമെന്ന ബാങ്കിന്‍റെ പിടിവാശിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.