കോഴിക്കോട് : കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് വ്യക്തമാകുന്നത്. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് തേടിയാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ചേവായൂർ പോലീസ് തെളിവെടുപ്പിനായി സജാദിനെ എത്തിക്കുക. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്.
മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പോലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.