ദില്ലി : ദില്ലി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്. പരിക്കേറ്റ പന്ത്രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കൂടൂതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്. കെട്ടിട ഉടമകൾക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഫോറൻസിക് പരിശോധനയും ഇന്നു നടക്കും.