തിരുവനന്തപുരം : കടമെടുപ്പിനും കൊവിഡ്കാല മാന്ദ്യത്തിനും ഒപ്പം ശമ്പളപരിഷ്കരണവും കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. 2021-22 സാമ്പത്തിക വർഷത്തിൽ ശമ്പള വിതരണത്തിനായി സംസ്ഥാനം അധികമായി ചെലവൊഴിച്ചത് മുൻ സാമ്പത്തിക വർഷത്തേക്ക്ൾ 58 ശതമാനം തുകയാണ്. പെൻഷൻ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനം തുക. വരുമാനത്തിന്റെ നല്ലൊരു ഭാഗവും ശമ്പള-പെൻഷൻ വിതരണത്തിനായി ചെലവഴിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. 2020-21 സാമ്പത്തിക വർഷം സംസ്ഥാനം ശമ്പള വിതരണത്തിനായി ആകെ ചെലവൊഴിച്ചത് 28763.80 കോടി രൂപ. ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45585.43 കോടിയായി ഉയർന്നെന്നാണ് സിഎജിയുടെ കണക്ക്. പെൻഷൻ വിതരണത്തിന് 2020-21 സാമ്പത്തിക വർഷത്തിൽ ചെലവൊഴിച്ചത് 18942.77 കോടി. കഴിഞ്ഞ വർഷം വേണ്ടിവന്നത് 26898.66 കോടി.
സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടി വന്നത് യഥാക്രമം 58.48-ും 42-ഉം ശതമാനം അധികം പണം. വരും വർഷങ്ങളിലും ആനുപാതികമായി ഈ തുക ഉയരും. നികുതി, നികുതിയേതര വരുമാനത്തിന് പുറമേ, കേന്ദ്രം നൽകുന്ന ഗ്രാന്റും വായ്പയുമയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്രം നൽകിക്കൊണ്ടിരിക്കുന്ന ഗ്രാന്റ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ജിഎസ്ടി നഷ്ടപരിഹാര തുക ഇനി രണ്ട് തവണ കൂടി കിട്ടിയേക്കും. ഇതും നിലക്കുന്നതോടെ വായ്പയാകും മുഖ്യ ആശ്രയം. വായ്പയെടുപ്പിൽ കേന്ദ്രം ഇനിയും പിടിയിട്ടാൽ കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോകുമെന്ന് ചുരുക്കം. കിഫ്ബിയുടെ കടത്തെ സർക്കാരിന്റെ പൊതുകടമായി കാണണമെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ നിലപാട്. 13,600 കോടി രൂപയാണ് കിഫ്ബി ഇതുവരെ വായ്പയായെടുത്തത്.
ദീർഘകാല വായ്പകളുടെ തിരിച്ചടവ് പലതും തുടങ്ങിയിട്ടില്ലെങ്കിലും 500 കോടി രുപയോളം ഇതുവരെ തിരിച്ചടച്ചു. കിഫ്ബിയുടെ വായ്പതിരിച്ചടവ് സർക്കാരിന്റെ ബാധ്യതയാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കിഫ്ബിയും സംസ്ഥാനസർക്കാരും. പക്ഷെ കിഫ്ബി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഇനിയും കേരളത്തിന്റെ വായ്പയെടുപ്പിൽ കേന്ദ്രം തടസ്സം ഉന്നയിച്ചേക്കാം. വരും മാസങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ടാകാമെന്ന് വ്യക്തം.