തിരുവനന്തപുരം : ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ-ആരോഗ്യ മന്ത്രി പോര് തുടരുന്നു. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രി ക്ഷണിച്ചില്ലെന്നതടക്കമുള്ള പരാതിയാണ് ചിറ്റയം ഉന്നയിച്ചിരുന്നത്. എന്നാൽ ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.