ദില്ലി : സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച വക്കീൽ നോട്ടീസിന് മറുപടിയുമായി സിസ്ട്ര മുൻ കൺസൾട്ടന്റും റെയിൽവേ മുൻ ചീഫ് എഞ്ചിനീയറുമായ അലോക് കുമാർ വർമ. പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ തട്ടിക്കൂട്ടെന്ന ആരോപണം ആവർത്തിച്ച വർമ, താൻ അഭിപ്രായങ്ങൾ ഉന്നയിച്ചത് ദീർഘകാലത്തെ പ്രവൃത്തിപരിചയത്തെ മുൻനിർത്തിയാണെന്ന് മറുപടി നൽകി. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ മുഖേനയാണ് സിസ്ട്രയ്ക്ക് മറുപടി നൽകിയത്.
മറുപടിയിലെ വിശദാംശങ്ങൾ ഇങ്ങനെ
പൊതുമധ്യത്തിൽ ഉള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് താൻ അഭിപ്രായം പറഞ്ഞതെന്നും സിസ്ട്രയുടെ ബിസിനസ് ക്രിട്ടിക്കൽ വിവരങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നും അലോക് കുമാർ വർമ വ്യക്തമാക്കി. ആറു മാസത്തോളം സിസ്ട്രയും കെ റെയിലും ഡിപിആർ മുൻനിർത്തി തെറ്റായ പ്രചരണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് താൻ വാർത്താക്കുറിപ്പ് ഇറക്കിയതും ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത് എന്നും അലോക് കുമാർ വർമ വക്കീൽ നോട്ടീസിന് മറുപടി നൽകി. ഡിപിആറിൽ പോരായ്മകളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ പരിഹരിക്കാൻ തയാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർലൈൻ കൺസൽട്ടന്‍റായ സിസ്ട്രയെ അപകീർത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിമർശനം ഉന്നയിച്ച അലോക് വർമയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് സിസ്ട്ര വക്കീൽ നോട്ടീസ് അയച്ചത്. അലോക് വർമ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ലേഖനങ്ങൾ നിരുപാധികം പിൻവലിക്കുകയും 72 മണിക്കൂറിനുള്ളിൽ മാപ്പ് പറയുകയും വേണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നും സിസ്ട്ര മുന്നറിയിപ്പ് നൽകിയിരുന്നു. അലോക് വർമയുടെ പ്രചാരണങ്ങളും ജനകീയ പ്രതിരോധ സമിതിയിലെ നിലപാടും തള്ളിപ്പറഞ്ഞ് കെ റെയിലും നേരത്തെ രംഗത്തെത്തിയിരുന്നു
കെ റെയിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്ന റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ നടത്തുന്ന പ്രചാരണം ശരിയല്ല. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അലോക് കുമാർ വർമ്മ പറഞ്ഞത്. സിൽവർലൈൻ പദ്ധതി പൂർത്തിയാക്കാൻ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കി എന്നാണ് അലോക് കുമാർ പറഞ്ഞത്. എന്നാൽ നിതി ആയോഗ് അത്തരത്തിൽ ഒരു കണക്കുകൂട്ടലുകളും നടത്തിയിട്ടില്ല. അതേസമയം ആർആർടിഎസ്, മെട്രോ റെയിൽ എന്നിവയുടെ നിർമ്മാണച്ചെലവിനേക്കാൾ സിൽവർലൈൻ പദ്ധതിയുടെ ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നിതി ആയോഗ് ചോദിച്ചത്.സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ അതിവേഗ റെയിൽ പാതയുമായൊ മെട്രൊ, ആർആർടിഎസ് എന്നിവയുമായോ താരതമ്യം ചെയ്യാനാവില്ലെന്ന് കൃത്യമായി നിതി ആയോഗിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിതി ആയോഗ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. ആ മറുപടികൾ ബോധ്യപ്പെട്ടതുകൊണ്ടാണ് വിദേശത്ത് നിന്നും ലോൺ സ്വീകരിക്കുന്നതിന് നിതി ആയോഗ് ശുപാർശ ചെയ്തത്. ഡിപിആർ പ്രകാരമുള്ള 63941കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രായോഗികവും ന്യായീകരിക്കാനാവുന്നതുമാണെന്ന് ഇന്ത്യൻ റെയിൽവേയുടെ സ്വതന്ത്ര ഏജൻസിയായ RITES നടത്തിയ പഠനത്തിലും ബോധ്യപ്പെട്ടിട്ടുള്ളതാണ്. 2017 ഡിസംബറിലാണ് പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. പിന്നീട് 2018 ൽ ഫീസിബിലിറ്റി പഠനത്തിലേക്ക് കടന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ ഭാഗമായി വെറും 107 (2018 ഡിസംബർ 4 മുതൽ 2019 മാർച്ച് 20 വരെ) ദിവസം മാത്രമാണ് അലോക് കുമാർ വർമ്മ പ്രവർത്തിച്ചത്. സിസ്ട്ര സംഘത്തിലെ 18 വിദഗ്ധരിൽ ഒരാൾ മാത്രമായിരുന്നു അലോക് കുമാർ വർമ്മ. ഡിപിആർ തയ്യാറാക്കിയ ഘട്ടത്തിൽ ഒരു ദിവസം പോലും അദ്ദേഹം സിസ്ട്രയിൽ പ്രവർത്തിച്ചിട്ടില്ല.
2019 ഓഗസ്റ്റ് മാസത്തിൽ ഫീസിബിലിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പിന്നീടാണ് ഡിപിആറിലേക്ക് കടന്നത്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികഘട്ടത്തിൽ നടത്തിയ സാധ്യതാ പഠനത്തിൽ കെ റെയിൽ അധികൃതരുടെ അഭിപ്രായങ്ങളോ സംസ്ഥാനത്തിന്റെ ആവശ്യങ്ങളോ പരിഗണിക്കാതെ തികച്ചും ഏകാധിപത്യ നിലപാടാണ് അലോക് കുമാർ സ്വീകരിച്ചത്. സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ആയിരുന്ന അലോക് കുമാർ വർമ്മ ഉൾപ്പെട്ട സംഘം നൽകിയ ഡ്രാഫ്റ്റ് റിപ്പോർട്ടിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചപ്പോൾ അതിനൊന്നും തന്നെ മറുപടി നൽകാതെ പിന്നീട് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കെ റെയിലിനെതിരെ സംസാരിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെയും കെ റെയിൽ അധികൃതരുടെയും മറ്റ് വിദഗ്ധരുടെയും അഭിപ്രായങ്ങളും കൂടി പരിഗണിച്ച് സിസ്ട്ര തുടർസാധ്യതാപഠനം നടത്തി 2019 ഓഗസ്റ്റിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിനാണ് ഇന്ത്യൻ റെയിൽവേ തത്വത്തിൽ അംഗീകാരം നൽകിയത്.
നഗരത്തിൽ നിന്നും മാറി സ്റ്റേഷൻ സ്ഥാപിക്കുന്നത് ജനത്തിന്റെ യാത്രയെ ബാധിക്കുമെന്നാണ് അലോക് കുമാറിന്റെ മറ്റൊരു വാദം. ഇത് കേരളത്തിലെ നഗര - ഗ്രാമങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നതിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന ഘടനപോലും വശമില്ലാതെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് എല്ലാ പഠനങ്ങളും നടത്തിയിട്ടുള്ളത്. 93% അലൈൻമെന്റും ദുർബലമായ ഭൂമിയിലാണെന്ന് പറയുന്ന റിപ്പോർട്ട് ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തണം. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് പുതിയൊരു ഗതാഗത സംസ്കാരത്തിനാണ് സിൽവർലൈൻ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ഈ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോൾ അലോക് കുമാർ നടത്തുന്നത്.