അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം കൊണ്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചവയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ പല അഭിമുഖങ്ങളും. അഭിനയിക്കുന്ന പുതിയ ചിത്രം ഉടലിന്‍റെ പ്രൊമോഷനുവേണ്ടി ധ്യാന്‍ നല്‍കിയ പല അഭിമുഖങ്ങളും ഇത്തരത്തില്‍ ആഘോഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തിലെ ഒരു പുതിയ അഭിമുഖത്തില്‍ മി ടൂ മൂവ്മെന്‍റിനെ പരാമര്‍ശിച്ച് ധ്യാന്‍ നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. മി ടൂ മൂവ്മെന്‍റ് പണ്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് ഒരു തമാശ പറയുന്ന ലാഘവത്തോടെ ധ്യാന്‍ പറയുന്നത്.
പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നാണ് അഭിമുഖത്തില്‍ ധ്യാനിന്‍റെ മറുപടി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മി ടൂ മൂവ്മെന്‍റ് ലോകമാകെ ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഒന്നാണ്. കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നതും ഈ മൂവ്മെന്‍റിന്‍റെ തുടര്‍ച്ചയായിരുന്നു. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയാണ് മലയാള സിനിമയില്‍ നിന്ന് അവസാനം ഉണ്ടായ മി ടൂ ആരോപണം. ഇത്തരത്തില്‍ സമകാലിക ലോകം അതീവ ഗൌരവം കല്‍പ്പിക്കുന്ന ഒരു വിഷയത്തെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതിനാണ് ധ്യാനിനെതിരെ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.